ന്യൂഡല്ഹി: വോട്ടര്പട്ടികയിലെ ക്രമക്കേടിനെതിരേയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും നടന്ന പ്രതിഷേധങ്ങളില് മാധ്യമ പ്രവര്ത്തകരെ പൊലിസ് വ്യാപകമായി വേട്ടയാടുവെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (സിപിജെ) റിപ്പോര്ട്ട്. ഈ മാസം 10, 11 തീയതികളിലായി നടന്ന പ്രതിഷേധങ്ങളില് ഡല്ഹിയില് മാത്രം 35 മാധ്യമപ്രവര്ത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതിഷേധങ്ങള് റിപ്പോര്ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്ത്തകരെ പൊലിസ് ഉദ്യോഗസ്ഥര് ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ജോലി തടസപ്പെടുത്തുകയോ ചെയ്തുവെന്നാണ് സിപിജെ വെളിപ്പെടുത്തുന്നത്. പ്രസ് കാര്ഡുകള് പ്രദര്ശിപ്പിച്ചിട്ടും ഇവരില് ചിലരെ വസ്ത്രങ്ങളില് പിടിച്ച് വലിച്ചിഴയ്ക്കുകയും ക്രൂരമായി മര്ദിച്ച് വാഹനത്തിലേറ്റി വഴിയിലുപേക്ഷിക്കുകയും ഫോണുകള് പിടിച്ചെടുക്കുകയും പകര്ത്തിയ ദൃശ്യങ്ങള് മായ്ച്ചുകളയാൻ നിര്ബന്ധിക്കുകയും ചെയ്തിരുന്നു.
വേട്ടയാടപ്പെട്ട മാധ്യമപ്രവര്ത്തകര്
ഒക്ടോബർ 10: വാഷിംഗ്ടണ് പോസ്റ്റിന്റെ കോളമിസ്റ്റായ ഇന്ത്യന് പത്രപ്രവര്ത്തക റാണ അയൂബിനെ മര്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റുള്ളവർ: സ്ക്രോളിലെ ആയുഷ് തിവാരിയും ഷോയിബ് ദാനിയലും, ബിസിനസ് സ്റ്റാന്ഡേര്ഡിന്റെ അനുഷ്ക ഭരദ്വാജ്, ന്യൂസ് ലോണ്ട്രി റിപ്പോര്ട്ടര്മാരായ അശ്വിന് കുമാര് സിംഗും ആസ്ത സവ്യസാചിയും അന്മോല് പ്രീതവും ഇന്റേണ് അന്ഷുവും, റോയിട്ടേഴ്സിന്റെ സൗരഭ് ശര്മ, നവഭാരത് ടൈംസിന്റ് ഋത്വിക് ജോഷിയും രാഹുല് ചരസും, ബൂം-ന്റെ ജാഗ്രതി തൃഷ, ഇന്ത്യ ടുഡേയുടെ ഡിജിറ്റല് വീഡിയോ പ്ലാറ്റ്ഫോമായ മോയുടെ ശിവംഗ് ശുക്ല, മോളിറ്റിക്സിന്റെ നീരജ് ഝാ, ദി ക്വിന്റിന്റെ സാര്ഥക് ജയ്സ്വാള്, റിപ്പോര്ട്ടര് ടിവിയിലെ റോഷ്നി രാജനും ഫര്സയും, നോ നോയിസ് സ്റ്റോറീസിന്റെ വിവേക് ഗുപ്ത, ആള്ട്ട് ന്യൂസ് ഇന്റേണ് അഗ്നിവ റേ, സ്വതന്ത്ര പത്രപ്രവര്ത്തകരായ സൃഷ്ടി ഖന്നയും പ്രശാന്ത് പുണ്ഡീറും.
ഒക്ടോബര് 11: ഇന്ത്യന് എക്സ്പ്രസിന്റെ (ഹിന്ദി) ശാശ്വതും സിയയും വിജയ്യും, ഹിന്ദുസ്ഥാൻ ടൈംസിന്റെ ആശിഷ് സിംഗ്, നയബ് വേള്ഡിന്റെ നിതിന് കത്യാര്, ഉള്ട്ട ചാസ്മ സ്ഥാപകന് പ്രജ്ഞ മിശ്ര, സ്വതന്ത്ര പത്രപ്രവര്ത്തകരായ നിധി സുരേഷും എം. രാജശേഖറും, പീക്ക് ടിവിയിലെ വേദാന്ത അഗര്വാളും സാറാ ഖാനും, സ്വതന്ത്ര പത്രപ്രവര്ത്തക ശ്യാം മീര സിംഗ്, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്ട്ടര് എ. സജിന്, 24 ന്യൂസ് റിപ്പോര്ട്ടര് സുഹൈല് മുഹമ്മദ്, ഔട്ട്ലെറ്റിലെ വി. എസ്. രാഹുല്, കാരവന്റെ അസിസ്റ്റന്റ് മള്ട്ടിമീഡിയ പ്രൊഡ്യൂസര് റയാന് തോമസ്.
മുതിർന്ന ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകർക്കുനേരേ പൊലിസ് അതിക്രമം കാട്ടിയെന്ന കേസിൽ പൊലിസിലെ മുതിർന്ന ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട് സുപ്രീംകോടതി.
പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നടപടി. മുതിർന്ന ഉദ്യോഗസ്ഥൻ ഹാജരായി ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്.